മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ
കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനെ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല സ്റ്റേ നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്ക് ശേഷം ജൂണില്‍ പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. അതുവരെ കമ്മീഷന്‍ പ്രവര്‍ത്തനം തുടരാമെങ്കിലും, അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഈ ഇടവേളയില്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനഹിതം കണക്കിലെടുത്താണ് കമ്മീഷന്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് നയ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും, കമ്മീഷന്‍ നിയമനത്തിന്‍റെ റദ്ദാക്കല്‍ നിയമപരമായതല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. മുനമ്പത്തെ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടെന്നും, ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്താമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.